Thursday, 3 January 2013

ഒമാന്‍ഡയറി - 2

ജബല്‍ അഖ്തറിലേക്കുള്ള വഴി.കാലത്തു പത്തുമണിയോടെ യാത്രതുങ്ങി, ഞങ്ങള്‍ അഞ്ചുപേര്‍ - ഞാന്‍ , ലത, അവളുടെ അനിയന്‍ ജെ.കെ(ജയകൃഷ്ണന്‍ ), ഭാര്യ വിനീത, മകന്‍ അടു എന്നു ഞങ്ങള്‍ വിളിക്കുന്ന അദ്വൈത് . ഭാര്യാസഹോദരന്‍റെ കാറിലാണു പോക്ക്.
ചുരം തുടങ്ങുന്നു. നല്ല റോഡ്. വാഹനത്തിരക്കില്ല. ഏറക്കുറെ പച്ചപ്പ് കാണാനേയില്ലാത്ത പാറക്കുന്നുകളാണു ചുറ്റിലും.അവക്കിടയില്‍ക്കൂടി റോഡു മുകളിലേക്കു പോകുന്നു. പലയിടത്തും നല്ല കുത്തനെയാണ് കയറ്റം. വെയില്‍ ചൂടുപിടിച്ചുവരുന്നേയുള്ളൂ. അതുകൊണ്ടു കാറ്റിനു നല്ല തണുപ്പ്.
ഒന്നൊന്നര മണിക്കൂര്‍ കയറ്റം കഴിഞ്ഞ് ചെറിയൊരിറക്കത്തിലേക്ക്. അകലെ കാണുന്നത് ജബല്‍ അഖ്തറിനു ചുറ്റും ചിതറിക്കിടക്കുന്ന ഒമാനി ഗ്രാമങ്ങളിലൊന്നാണ്. ഗ്രാമങ്ങളിലെ വീടുകളിലേക്കു കടന്നുചെല്ലുന്നതിന്നുമുന്‍പ് താമസക്കാരുടെ അനുമതി വാങ്ങിക്കണമെന്നും അവരെ ശല്യം ചെയ്യുന്ന രീതിയില്‍ പെരുമാറരുതെന്നും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഗ്രാമങ്ങളിലേക്കു തിരിയുന്ന വഴികളില്‍ കാണാം.
ദാ എത്തിപ്പോയീ!. റോഡു ചെന്നവസാനിക്കുന്ന ഒരു നിരപ്പില്‍നിന്ന് ആദ്യത്തെ കാഴ്ച. കണെണെത്തുന്ന ദുരത്തോളം മലമടക്കുകള്‍. മലഞ്ചെരിവുകളില്‍ ചിതറിക്കിടക്കുന്ന കൃഷിത്തോട്ടങ്ങള്‍ - മുന്തിരിയും മാതളപ്പഴങ്ങളും വിളയുന്ന തോട്ടങ്ങളാണധികം. സീസന്‍ കഴിഞ്ഞുപോയതുകൊണ്ട് തോട്ടങ്ങള്‍ ശുഷ്കങ്ങളാണ്.മഹാകവി പിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുട്ടി കഴിഞ്ഞ തോട്ടങ്ങള്‍ -!ചില മലമടക്കുകളില്‍ കേടുവന്ന പഴങ്ങള്‍ കൂട്ടിയിട്ടതു കണ്ടു. നല്ല കാറ്റും നല്ല തണുപ്പും. കാറിലെ ഏസിയേക്കാള്‍ തണുപ്പ്. രണ്ടായിരം അടിക്കു മുകളിലല്ലേ നില്‍പ്? താപനില പതിനഞ്ചോ പതിനാറോ ഡിഗ്രിയായിരിക്കുമെന്ന് ജെ. കെ.
മലമടക്കിന്‍റെ മറ്റൊരു കാഴ്ച. ഇനി താഴേക്കിറങ്ങാം.സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. ഒന്നു നടന്നുവന്നിട്ടാവാം ഉച്ചഭണമെന്നുറപ്പിച്ചു. കുറച്ചു വെള്ളവും ഒരു കുപ്പി ജ്യൂസും ബിസ്കറ്റുമെടുത്തു. അധികം ഭാരമായാല്‍ നടത്തം പ്രസ്നമാവും. ലസ് ലഗ്ഗേജ്, മോര്‍ കംഫര്‍ട്ട് എന്നാണല്ലോ ആപ്തവാക്യം. താഴെയെത്തിയാല്‍ പല വഴികളായി പിരിയുന്ന ട്രക്കിംഗ് പാതകളുണ്ട്. അതു തുടങ്ങുന്നിടംവരെ കാറുപോകുന്ന പാതയുണ്ട്. കാറില്‍നിന്നു പുറത്തിറങ്ങി. ആളെ പറപ്പിക്കാന്‍പോന്ന തണുത്ത കാറ്റ്. പടികളിറങ്ങുമ്പോള്‍ ഒന്നു സൂക്ഷിക്കണമെന്ന് ജെ.കെയുടെ ഓര്‍മപ്പെടുത്തല്‍ - നോക്കട്ടെ. നടത്തം അത്ര എളുപ്പമല്ല. വഴിക്ക് തോട്ടങ്ങളില്‍ അതിക്രമിച്ചു കടക്കരുതെന്ന് ഒര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ കണ്ടു. അയ്യോ നമ്മളില്ലേ ഇല്ല!
ട്രക്കിംഗ് തുടങ്ങുന്നത് മലനിരപ്പിന്നുതാഴെയുള്ള ഒരു പഴയ ഗ്രാമത്തിന്നിടയിലുടെയാണ്. തുടക്കത്തില്‍ ഒന്നുരണ്ടു പുതിയ വീടുകളുണ്ട്. കൃഷിക്കാരുടെയായിരിക്കണം. പഴയ ഗ്രാമത്തില്‍ ഇപ്പോള്‍ ആള്‍പ്പാര്‍പ്പില്ല.വീടുകള്‍ മിക്കതും തകര്‍ന്നുകിടക്കുന്നു. ഈ പരുക്കന്‍കുന്നുകള്‍ക്കിടയില്‍ എത്ര തലമുറകള്‍ ഇവിടെ ജീവിച്ചു മരിച്ചുപോയിട്ടുണ്ടാവാം?
ഇത്തിരി കഠിനമാണ് ഈ പാത. പലയിടത്തും ഒന്നൊന്നര അടി കയറുന്ന/ഇറങ്ങുന്ന പടവുകളാണ്. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആവേശം ചോര്‍ന്നുപോയി. കുപ്പിവെള്ളവും ബിസ്കറ്റുംകൊണ്ട് ക്ഷീണം തീര്‍ത്ത് കാറിലേക്കു മടങ്ങി. നല്ല ക്ഷീണം. പരിസരഭംഗിയാസ്വദിച്ച് പതുക്കെ കയറി. ലതയും വിനീതയും മുമ്പില്‍ ഇത്തിരി വേഗം കയറിപ്പോയി.സ്വാമി ശരണം!കരിമലകയറ്റം മാത്രമല്ല, ജബല്‍മലകയറ്റവും കഠിനമാണേ. തിരിച്ചു കയറുമ്പോള്‍ ജെ.കെയ്ക്ക് ഒരു സംശയം-ഞങ്ങളുടെ കിതപ്പിനാണോ തണുത്ത കാറ്റിനാണോ ശക്തി കൂടുതല്‍ -?
വഴിക്ക് പലനിറത്തിലുള്ള പാറകള്‍ - കൈകൊണ്ട് അടര്‍ത്തിയെടുക്കാന്‍ പാകത്തില്‍ - താഴെ പൊട്ടും പൊടിയുമായി കിടക്കുന്ന കഷ്ണങ്ങളില്‍നിന്നു ചിലതെടുത്തു. ഇരിക്കട്ടെ, ഒരു ഓര്‍മയ്ക്ക്.
വലിയ ചിത്രകാരന്മാരുടെ പെയിന്‍റിംഗിനെ ഓര്‍മിപ്പിക്കുന്ന വര്‍ണങ്ങള്‍ - വിചിത്രമാണു പ്രകൃതിയുടെ വര്‍ണവിന്യാസങ്ങള്‍
ഒരുവിധം മുകളിലെത്തി. ഇനി എന്തെങ്കിലും കഴിച്ചിട്ടു ബാക്കി കാര്യം. ശരീരമാദ്യം ഖലു ധര്‍മസാധനം എന്നല്ലോ മഹാകവി കാളിദാസരുടെ വചനം. കുറച്ചപ്പുറത്തുള്ള ഒരു പാര്‍ക്കിലേക്കു വിട്ടു. അവിടെ കയറുമ്പോഴതാ, നമ്മുടെ നാട്ടിലെ കരവീരം പൂത്തും തഴച്ചും നില്‍ക്കുന്നു. മറ്റൊരുത്തനെക്കൂടി അപ്പുറത്തു കണ്ടൂ, എരുക്ക്. ഇനി ഇവരെക്കെ തനി മലയാളികളല്ലെന്നുവരുമോ? വിശക്കുന്നു. ബാക്കി കഥ പിന്നെ.

ഒമാന്‍ഡയറി -1

അഫ് സലക്കോട്ടയുടെ മുകളില്‍നിന്ന് പീരങ്കിത്തുളയിലൂടെ ഒരു ഒമാനി നാട്ടിന്‍പുറം.മുള്‍ച്ചെടികളും കടിച്ചുവലിച്ചുകൊണ്ട് ഉച്ചവെയിലില്‍ ഒരാട്ടിന്‍കൂട്ടം. കണ്ടാല്‍ ചെമ്മരിയാടുകളുടെ ഛായയുണ്ട്.
കോട്ടയില്‍നിന്നുള്ള മടക്കം. പ്രകൃതിക്ക് ഡക്കാന്‍പ്രദേശങ്ങളുമായി സാമ്യതതോന്നുന്നു. ഇലകുറഞ്ഞ കുറ്റിച്ചെടികളും ചിതറിക്കിടക്കുന്ന പാറക്കല്ലുകളും ഇപ്പോള്‍ ഉരുണ്ടുവീഴുമെന്നു തോന്നിപ്പിക്കുന്ന പാറക്കെട്ടുകളുമെല്ലാംചേര്‍ന്ന ഭൂപ്രകൃതി. ഉറപ്പുകുറഞ്ഞ കുന്നുകളാണ്.
നേരം അഞ്ചുമണി കഴിഞ്ഞു. അകലെ കുന്നിന്‍ചെരുവില്‍ ഒരു മഴയുടെ തിരനോട്ടം. ഗള്‍ഫിലെ ഒരു നല്ല മഴക്കാഴ്ച കിട്ടുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ചാറ്റല്‍മഴയിലൊതുങ്ങി, കാര്യം. എങ്കിലും നല്ല തണുപ്പ്. നവംബറല്ലേ?
കാറിന്‍റെ ചില്ലില്‍ക്കൂടെ ഒരു മഴക്കാഴ്ച.
കസ്ഫയിലെ ചുടുനീരുറവയിലേക്കുള്ള വഴി. രാത്രിയായതുകൊണ്ട് ഫോട്ടോ കിട്ടിയില്ല. ഒരു ചെറിയ കുളം. അതില്‍നിന്ന് രണ്ടു ചാലുകളിലൂടെ ചൂടുവെള്ളം പുറത്തേക്കൊഴുകുന്നു. അത്യാവശ്യം ചൂടുണ്ട്. ഇവിടെ കുളിക്കാനും സംവിധാനമുണ്ടെന്നു തോന്നുന്നു.
രാത്രിവെളിച്ചത്തില്‍ ഉറവയുടെ ഫോട്ടോ കിട്ടില്ല. അതിന്‍റെ പഴയസ്വരൂപം ടൂറിസംവകുപ്പുകാരുടെ ബോര്‍ഡില്‍നിന്നു കിട്ടി. അതിങ്ങനെയാണ്.

Tuesday, 14 August 2012

ചില മഴക്കാലക്കാഴ്ചകള്‍

കുറച്ചുനാളായി ചിത്രച്ചെപ്പു തുറന്നിട്ട്. ഇപ്പോള്‍ ഇതാ ഇങ്ങനെ ചില കാഴ്ചകള്‍


മഴയൊരുക്കത്തിനിടയില്‍ ഒരു ഉച്ചസ്സൂര്യന്‍ -


പ്രേതവും പിശാചുമൊന്നുമല്ല, മഴമേഘത്തിന്‍റെ വരവാണ്


കാറിന്‍റെ ചില്ലില്‍ക്കൂടി ഒരു മഴക്കാഴ്ച


മുറ്റത്തെ ശാന്തസമുദ്രം -!
മഴകൊടുത്ത വര്‍ണമാലയുമായി സൂര്യന്‍


മഴമാറി.ഇനി ചിരിക്കാം. ഒരു നാലുമണിസ്സൂര്യന്‍

Thursday, 24 May 2012

സന്ധ്യകള്‍ പലവിധം


പെരിയാറില്‍ കുളിക്കാനിറങ്ങിയ സന്ധ്യ-അതോ തോണികളിക്കാനോ?


മലയാറ്റൂരില്‍നിന്ന് - പൊന്നിന്‍കുരിശുമുത്തപ്പന് സന്ധ്യയുടെ കുങ്കുമാര്‍ച്ചന


അതിരപ്പള്ളിക്കുതാഴെ ചാലക്കുടിപ്പുഴയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കു ചാഞ്ഞിറങ്ങുന്ന സൂര്യന്‍ - സന്ധ്യയാകുന്നതേയുള്ളൂ. താഴെ തുമ്പൂര്‍മുഴിയെത്തുമ്പോഴേക്ക് സന്ധ്യയാവും.


തുമ്പൂര്‍മുഴി - വരളുന്ന പുഴക്കുമീതേ ദുഖിതയായ സന്ധ്യ.


കാലടിയിലെ സന്ധ്യ
വേമ്പനാട്ടുകായലില്‍ - വല്ലാര്‍പ്പാടത്തുനിന്നുള്ള കാഴ്ച

Friday, 13 April 2012

മാര്‍ച്ച് പകുതിക്കുമുന്‍പ് പൂത്തുലഞ്ഞു. ഇനി യൊരു വേനല്‍മഴ വന്നാല്‍ തീര്‍ന്നതുതന്നെ.

സമയം നട്ടുച്ച. മഴയുടെ പുറപ്പാടുണ്ട്.
സൂര്യന്‍ കരിമ്പുതപ്പിനുള്ളിലേക്ക്.
ദാ... എത്തിപ്പോയി.
ഒന്നു തകര്‍ത്തു. പിന്നാലെ നനഞ്ഞ സന്ധ്യ!

Sunday, 1 April 2012

ഗോവന്‍ കാഴ്ചകള്‍ - 5

എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്? സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍ - കോള്‍വാ ബീച്ചിലേക്കു നടക്കുമ്പോള്‍ ഒരു വിളക്കുകാലിന്നുമുകളില്‍ കൃത്യമായികിട്ടി.
കോള്‍വാ ബീച്ച്. കലാംഗുടെ(കലാങ്ങോട്ട്?)ബീച്ചിനേക്കാള്‍ വൃത്തിയും വെടിപ്പുമുള്ള ബീച്ചാണിത്. കടലിന്നുമുകളില്‍ സഞ്ചാരികളുടെ പാരാസെയിലിംഗ്. അധികവും സായിപ്പന്മാരാണ്. അവര്‍ക്ക് ഇവിടെ സ്വന്തം നാട്ടിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ കടലിന്നുമുകളിലൂടെ റാകിപ്പറക്കാം.
പാരാസെയിലിംഗ്- ഒരു ക്ലോസപ്പ്. മൂന്നു സാഹസികര്‍ കടലിന്നു മുകളില്‍.
സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞു. വെള്ളം നിറഞ്ഞ നുനുത്ത മണലില്‍ സൂര്യന്‍റെ പ്രതിഫലനം.
കടലില്‍ തിമിര്‍ക്കുന്നവര്‍ക്ക് ഇനിയും മതിയായിട്ടില്ല. ഇരുളുന്ന കടലിലേക്ക് ഒരു ബോട്ട് കുതിക്കാനൊരുങ്ങുന്നു.
തല്‍ക്കാലം ഗോവന്‍കാഴ്ചകള്‍ ഇവിടെ തീരുന്നു.
എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്. സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍. നല്ല വെയില്. കൂളിംഗ് ഗ്ലാസിന്‍റെ ചില്ലില്‍ക്കൂടി എടുത്തതാണിത്. കോള്‍വാ ബീച്ചിലേക്കു പോകുന്നവഴി കിട്ടിയ ദൃശ്യം.ഗോവന്‍ കാഴ്ചകള്‍ - 5

അതേ, ഗോവന്‍കാഴ്ചതന്നെ